ബ്ലൈൻഡുകൾ തിരികെ വരുന്നു

0
226

വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്നതിലുപരി, ആഡംബരത്തിന്‍റെ പ്രതീകം എന്ന നിലയിലാണ് മുന്നേറിയിരുന്നത്.

ധര്‍മ്മത്തേക്കാളുപരി സൗന്ദര്യത്തിനായിരുന്നു ഈയടുത്ത കാലം വരെ മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം ആര്‍ഭാടപരമായ ഹെവി കര്‍ട്ടനുകള്‍ പാടെ ഒഴിവാക്കിയിരിക്കുന്നു. സിംപിള്‍ കര്‍ട്ടനുകളാണ് ഇന്നത്തെ ട്രെന്‍ഡ്.

മുറിയുടെ സ്ഥലപരിമിതി, ശൈലി എന്നിവയ്ക്കുയോജ്യമല്ലാത്ത ഹെവിയായ കര്‍ട്ടന്‍ ഇടുകയാണെങ്കില്‍ മുറി കൂടുതല്‍ ഇടുങ്ങിയതായി അനുഭവപ്പെടും. ഇന്‍റീരിയറിന്‍റെ ശൈലി, കളര്‍ തീം എന്നിവയ്ക്കനുസരിച്ചാണ് കര്‍ട്ടനുകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. പരിപാലനം എളുപ്പമാക്കാന്‍ കഴിയുന്ന തുണിത്തരങ്ങള്‍ക്കും ശൈലിക്കുമാണ് ഇന്ന് ആവശ്യക്കാരേറെ.

ഒരു കാലത്ത് ജനലുകള്‍ക്ക് ഡിസൈനര്‍ ഗ്ലാസുകള്‍ കൊടുക്കുമായിരുന്നു. ജനലുകളുടെ ഭംഗി കൂട്ടുക എന്ന ആ ധര്‍മ്മം തന്നെയാണ് ജനലുകള്‍ക്കായി മെയിന്‍ കര്‍ട്ടനും ഷിയര്‍ കര്‍ട്ടനും ഉപയോഗിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മെയിന്‍ കര്‍ട്ടന്‍ മുഖേന രാത്രി സ്വകാര്യത ഉറപ്പിക്കുന്നു ഷിയര്‍ കര്‍ട്ടന്‍ പകല്‍ സമയം വെളിച്ചത്തെ വീടിനുള്ളില്‍ എത്തിക്കും പുറത്തു നിന്നു നോക്കിയാല്‍ കാഴ്ച സാധ്യമാകുന്നുമില്ല.

പകല്‍സമയം ഷിയര്‍ കര്‍ട്ടന്‍ മാത്രം കാഴ്ചയില്‍ പെടുമ്പോള്‍ ഗ്രില്‍ കാണുന്ന അരോചകത്വവും ഒഴിവാക്കാം. പൊടി അടിഞ്ഞു കൂടുന്നത് ഷിയര്‍ കര്‍ട്ടനിലാവും. ഇതു കനം കുറവായ മെറ്റീരിയല്‍ കൊണ്ടായിരിക്കുമെന്നതിനാല്‍ എപ്പോഴും കഴുകാനും സാധിക്കും. മെയിന്‍ കര്‍ട്ടന്‍ എപ്പോഴും കഴുകേണ്ട ആവശ്യവും വരുന്നില്ല.

ഓഫീസുകളില്‍ മാത്രം ഉപയോഗിച്ചിരുന്ന ബ്ലൈന്‍ഡുകള്‍ ഇന്ന് വീടുകളിലും ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. കമേഴ്‌സ്യല്‍, റെസിഡന്‍ഷ്യല്‍ എന്നിങ്ങനെയുള്ള വേര്‍തിരിവ് ഇല്ലാതെ കമേഴ്‌സ്യന്‍ പ്രോജക്റ്റുകളില്‍ ഉപയോഗിക്കുന്ന തരം വെര്‍ട്ടിക്കല്‍, റോളര്‍ -എന്നീ ബ്ലൈന്‍ഡുകളെല്ലാം പരിപാലനം മുന്‍നിര്‍ത്തി വീടുകളിലും സര്‍വ്വസാധാരണമായി.

റോമന്‍, റോളര്‍, വെനീഷ്യന്‍, വെര്‍ട്ടിക്കല്‍, സീബ്ര, വുഡന്‍ ബ്ലൈന്‍ഡുകളാണ് ഇന്ന് സാധാരണയായി ഉപയോഗിക്കപ്പെടുന്ന ബ്ലൈന്‍ഡുകള്‍. ബാല്‍ക്കണികളിലും മറ്റും ഉപയോഗിക്കാവുന്ന മണ്‍സൂണ്‍ ബ്ലൈന്‍ഡ്‌സ് എന്ന പുതിയതരം ബ്ലൈന്‍ഡും വിപണിയിലുണ്ട്. അടുക്കളയില്‍ പി. വി. സി. ബ്ലൈന്‍ഡുകളാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. കര്‍ട്ടനുകളില്‍ ഫ്‌ളീറ്റഡ്, ഐലെറ്റ് എന്നിവയും ഉപയോഗിക്കുന്നു.

കണ്ടംപ്രറി-മിനിമലിസ്റ്റിക് ശൈലിയിലുള്ള വീടാണെങ്കില്‍ ഓപ്പണ്‍നയത്തിനു പ്രാധാന്യം നല്‍കുന്നതുകൊണ്ട് കര്‍ട്ടനുകള്‍ പാടേ ഒഴിവാക്കിക്കൊണ്ട് ബ്ലൈന്‍റുകള്‍ ആണ് പരിഗണിക്കപ്പെടുന്നത്. റോളര്‍ ബ്ലൈന്‍ഡുകളെക്കാള്‍ റോമന്‍ ബ്ലൈന്‍ഡ്‌സ് ആണ് വീടുകളില്‍ കൂടുതലും ഉപയോഗിക്കുന്നത്. പല അടുക്കുകളായി തിരശ്ചീനമായി മുകളിലേക്ക് മടക്കി വയ്ക്കാവുന്ന ഇവ കര്‍ട്ടന്‍ മെറ്റീരിയല്‍ തെരഞ്ഞെടുത്ത് മുറിയുടെ കളര്‍ തീം, വിന്‍ഡോയുടെ അളവുകള്‍ എന്നിവയ്ക്കനുസരിച്ച് തുന്നിച്ചെടുക്കാം.

അതാവുമ്പോള്‍ ഫാബ്രിക് കര്‍ട്ടന്‍റെതായ ഗുണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നില്ല; ബ്ലൈന്‍ഡിന്റേതായ കമേഴ്‌സ്യല്‍ ഫീല്‍ അനുഭവപ്പെടുകയുമില്ല. ഇവ തയ്ക്കാന്‍ ഒരുപാട് തുണി ആവശ്യം വരില്ല എന്നതുകൊണ്ട് ചെലവിന്‍റെ കാര്യത്തിലും നല്ല ലാഭം കിട്ടും. പരിപാലനം എളുപ്പമാണ്; ഹെവിയായി തോന്നുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here