കുറഞ്ഞ ചെലവില്‍ അടുക്കളയ്ക്ക് നല്‍കാം പുത്തന്‍ മേക്ക്ഓവര്‍

0
286
  കൊതിയൂറുന്ന രുചികള്‍ നിറയുന്ന അടുക്കള കാണുന്നവന്‍റെ കണ്ണിലും കൊതി നിറയ്ക്കണമെന്നാണ് ഇന്നത്തെ കാലത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. പുതുതായൊരു വീട് പണിയുന്നവര്‍ക്ക് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അടുക്കളയുടെ മാറ്റുകൂട്ടാന്‍ സാധിക്കും. അടുക്കളയ്ക്ക് പുതിയൊരു മുഖം നല്‍കുമ്പോള്‍ വീടിനു മുഴുവനും ഒരു പുതുമ അനുഭവപ്പെടും.
   ഏറ്റവുമധികം ചെലവു വരുന്നതും ഒരുപാട് സമയം വേണ്ടതും ബുദ്ധിമുട്ടേറിയതുമാണ് ഓരോ പുതുക്കിപ്പണിയലുകളും. അടുക്കളയുടെ കാര്യത്തിലേക്കു വരുമ്പോള്‍ ഈ ബുദ്ധിമുട്ട് ഒരല്‍പം കൂടുതലായിരിക്കും.  പിന്നെ അടുക്കളയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി വരുമ്പോഴേക്കും കയ്യില്‍ നിന്ന് നല്ലൊരു തുക ചെലവായിക്കഴിഞ്ഞിട്ടുണ്ടാകും.
കൃത്യമായ പ്ലാനോട് കൂടിവേണം  ഓരോ  മേക്ക്ഓവറിനും ഇറങ്ങിപ്പുറപ്പെടാന്‍.   പഴയ അടുക്കളയില്‍ ചുറ്റുമൊന്നു കണ്ണോടിച്ചു നിങ്ങള്‍ക്ക് അവിടെ   ഇഷ്ടമുള്ളവയേയും ഇഷ്ടമില്ലാത്തവയേയും  വേറെ വേറെ  ലിസ്റ്റുകള്‍  ആക്കുക.  കൂടുതല്‍  സ്റ്റോറേജ്  സ്പേസ് ആവശ്യമാണോ അതോ ഉള്ളതില്‍ നിന്നും കുറയ്ക്കണോ, കാബിനുകള്‍ക്ക് ഏതുനിറം അനുയോജ്യമാകും, അടുക്കളയിലേക്കു  വേണ്ടുന്ന  ഉപകരണങ്ങള്‍ തുടങ്ങി എല്ലാത്തിനെയും പറ്റി ആദ്യംതന്നെ ഒരു ധാരണയിലെത്തണം.

അടുക്കള  ഇപ്പോള്‍  ഉള്ളതില്‍   നിന്ന്  മാറ്റങ്ങള്‍ വരുത്താനോ അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കാനോ ആണ് പ്ലാന്‍  ചെയ്യുന്നതെങ്കില്‍  നേരത്തെ ഉറപ്പിക്കണം. സാധാരണയായി അടുക്കളയും ഡൈനിങ് ഏരിയയും തമ്മിലുള്ള ചുമര് ഇടിച്ചുകളഞ്ഞു കൂടുതല്‍ സ്ഥലസൗകര്യം ഉണ്ടാക്കുകയാണ്  ചെയ്യുന്നത്. അടുക്കള എത്ര പേരുപയോഗിക്കും, അടുപ്പിന്‍റെ സ്ഥാനം  എവിടെയാവണം  തുടങ്ങി ചില ചോദ്യങ്ങള്‍ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാം.

ഫ്ലോറിംഗിനു മുമ്പായിത്തന്നെ പ്ലംബിങ്ങിനെ പറ്റിയും വൈദ്യുത കണക്ഷനുകളെപ്പറ്റിയും കൃത്യമായ കണക്കുകൂട്ടലുകള്‍ ഉണ്ടാക്കിയെടുക്കണം. പൈപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെങ്കില്‍ അതു നേരത്തെ തീരുമാനിക്കണം. ഒപ്പം തന്നെ പ്ലഗ് പോയിന്‍റുകളുടെ എണ്ണത്തിലും വ്യക്തത ഉണ്ടാക്കണം. അടുക്കളയിലേക്കു കൂടുതല്‍ ലൈറ്റുകള്‍ ആവശ്യമാണോയെന്നു പരിശോധിക്കണം. സ്പോട്ട് ലൈറ്റുകളും ആഡംബര ലൈറ്റുകളും ആവശ്യമെങ്കില്‍ ഉപയോഗിക്കാം.

വീട് കാഴ്ചയില്‍ എങ്ങനെയിരിക്കണമെന്ന് നമുക്കോരോരുത്തര്‍ക്കും കാഴ്ചപ്പാടുണ്ടാകും. അതുപോലെ അടുക്കളയുടെ കാര്യത്തിലും നേരത്തെ തന്നെ ഒരു ഡിസൈന്‍ ഉണ്ടാക്കിയെടുക്കാം. മാഗസിനുകളില്‍ നിന്നും ടി.വി ഷോകളില്‍ നിന്നുമൊക്കെ നമ്മളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍ ശേഖരിച്ചുവെക്കാം. അടുക്കളയ്ക്ക് മികച്ച ഒരു കളര്‍ തീം ഉണ്ടാക്കി അതിലേക്കായി വാങ്ങുന്ന ഓരോ സാധനങ്ങളും കളര്‍ തീമുമായി യോജിച്ചു പോകുന്ന തരത്തിലുള്ളവ തിരഞ്ഞെടുക്കുക. പ്ലേറ്റ്, ടൈല്‍സ്, ഫര്‍ണിച്ചര്‍, ഫാബ്രിക്കുകള്‍ തുടങ്ങിയവയിലെല്ലാം നിങ്ങളുടേതായ ഒരു ഐഡന്‍റിറ്റി നിലനിര്‍ത്താന്‍ ശ്രമിക്കുക.

അടുക്കളയുടെ പുതുക്കിപ്പണിയലിനായി നിങ്ങള്‍ മാറ്റിവെക്കുന്ന തുക ആദ്യംതന്നെ നിശ്ചയിക്കുക. പരമാവധി ചെലവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താവുന്നതാണ്. ഓപ്പണ്‍ സ്റ്റോറേജ് സ്പൈസുകള്‍ താരതമ്യേന ചെലവ് കുറഞ്ഞവയാണ്. പൂര്‍ണമായും അത്തരം സ്റ്റോറേജുകള്‍ മാത്രം നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. കട്ടികൂടിയ ഗ്രാനൈറ്റുകള്‍ ഉപയോഗിക്കുന്നത് അടുക്കളയ്ക്കൊരു ആഡംബര കാഴ്ച പ്രദാനം ചെയ്യുന്നു. കാബിനറ്റുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുക. അടുക്കളയിലേക്കു മരത്തിന്റെ വാതിലുകള്‍ അത്യാവശ്യമില്ല. പകരം ലാമിനേറ്റഡ് ഡോറുകളോ പിവിസി ഫോയിലുകളോ ഉപയോഗിക്കാം. അടുക്കള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ അധികച്ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം.

എല്ലാം മികച്ചത് വാങ്ങിയാലും പലപ്പോഴും നമുക്ക് ആഗ്രഹിച്ച രീതിയില്‍ അവ ക്രമീകരിക്കാന്‍ സാധിക്കാറില്ല. ഓരോ പണിയും ആ രംഗത്ത് മികച്ചു നില്‍ക്കുന്ന തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ മനസ്സില്‍ കണ്ടതാവില്ല നേരില്‍ കിട്ടുന്നത്. നമ്മള്‍ ഏറ്റവും മികച്ചവ കണ്ടെത്തി വാങ്ങുമ്പോള്‍ അത് ശരിയായ രീതിയില്‍ ഫിറ്റ് ചെയ്തു കിട്ടിയില്ലെങ്കില്‍ അതുവരെ ചെയ്തതൊക്കെ പാഴായിപ്പോകും.

LEAVE A REPLY

Please enter your comment!
Please enter your name here