വീടുകളുടെ അകത്തളങ്ങള്‍ക്ക് അഴക് കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

0
255

ഇന്‍റീരിയര്‍ ഡിസൈനിംഗ് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രമുള്ളതാണെന്നാണ് മുമ്ബ് മലയാളികളുടെ ധാരണ എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയിരിക്കുന്നു. ചെറിയ കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കുന്നതുമുതല്‍ ഫര്‍ണിച്ചറുകളുടെ രൂപ കല്പനവരെ ഇന്‍റീരിയര്‍ ഡിസൈനിംഗിന്റെ ഭാഗമാണ്. കൃത്യമായതും ഭംഗിയുള്ളതുമായ ഇന്‍റീരിയര്‍ ഡിസൈനിംഗിന്‍റെ വിവിധ ഘട്ടങ്ങളെ പരിചയപ്പെടാം.

പ്രകാശം നിറയട്ടെ അകത്തളങ്ങളില്‍

അകത്തളങ്ങളെ മനോഹരമാക്കുന്ന മറ്റൊരു കാര്യം അകത്തളങ്ങളിലെ പ്രകാശമാണ്. പണം എത്ര മുടക്കി പണിത വീടാണ് എങ്കിലും ആവശ്യത്തിന് വെട്ടവും വെളിച്ചവും ഇല്ലെങ്കില്‍ പിന്നെ കാര്യമില്ല. ഓപ്പണ്‍ വിന്‍ഡോകള്‍ക്ക് പിറമെ, എല്‍ഇഡി ലൈറ്റുകളും പരീക്ഷിക്കാം. വീടിന്‍റെ രൂപത്തിനും ആവശ്യത്തിനും ചേരുന്ന രീതിയില്‍ പ്രകാശമുള്ള ബള്‍ബുകള്‍ മാത്രം ഇതിനായി ഉപയോഗിക്കുക

കണ്ടംപ്രറി, മിനിമല്‍, ക്ലാസിക് താല്പര്യം അറിയുക

ഇന്‍റീരിയര്‍ മൂന്നു രീതികളായി തരം തിരിച്ചിരിക്കുന്നു. പഴയ തറവാടുകളെ ഓര്‍മിപ്പിക്കുന്ന ക്ലാസിക് സ്റ്റൈലിന് ആവശ്യക്കാര്‍ ഏറെയാണ് എന്നാല്‍ ഇതിനു വരുന്ന ചെലവ് പലപ്പോഴും വളരെ കൂടുതലാണ് എന്ന് മനസിലാക്കുക. ചെലവ് ചുരുക്കല്‍ ലക്ഷ്യം മനസ്സില്‍ ഉള്ളവര്‍ക്ക് കണ്ടംപ്രറി, മിനിമല്‍ ഡിസൈനുകളാണ് അനുയോജ്യം.

ആഡംബരത്തിനല്ല ആവശ്യങ്ങള്‍ക്ക് മുന്‍ഗണന

ഒരു വീടിന്‍റെ ഇന്‍റീരിയര്‍ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഡിസൈനര്‍ പലവിധ ഡിസൈനുകള്‍ നമുക്ക് പരിചയപ്പെടുത്തും. ഇതില്‍ നമുക്ക് ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. നല്ല ചൂടുള്ള പ്രദേശത്തെ വീടിന്‍റെ മേല്‍ക്കൂരയ്ക്ക് ഉള്ളിലായി തണുപ്പ് നല്‍കാന്‍ ടെറക്കോട്ടാ ടൈലുകള്‍ ഡിസൈനര്‍ നിര്‍ദേശിച്ചേക്കാം. എന്നാല്‍ വൃക്ഷങ്ങളാല്‍ സമൃദ്ധമായ ഒരു സ്ഥലത്തെ വീടിനു ഇത് ആവശ്യമില്ല. ഇത്തരം സാധ്യതകള്‍ മുന്‍കൂട്ടി കണ്ടശേഷം മാത്രം ഡിസൈനുകള്‍ തെരഞ്ഞെടുക്കുക.

ഓപ്പണ്‍ സ്പെയ്സുകള്‍ ആവാം

അകത്തളങ്ങളെ മനോഹരമാക്കുന്നു പുതിയ ട്രെന്‍ഡാണ്` ഓപ്പണ്‍ സ്പെയ്സുകള്‍. ഓപ്പണ്‍ സ്പെയ്സ് വാക്കാണ് ഉദ്ദേശിച്ചിട്ടുണ്ട് എങ്കില്‍ ലിവിംഗ് ഏരിയയോട് ചേര്‍ന്നതാണോ, മറ്റു മുറികളോട് ചേര്‍ന്നതാണോ എങ്ങനെയാണ് ഈ ഓപ്പണ്‍ സ്പെയ്സ് ക്രമീകരിക്കേണ്ടത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചുറപ്പിക്കണം. ഇതോടൊപ്പം ഓപ്പണ്‍ സ്പെയ്സില്‍ എന്തെല്ലാം ഫര്‍ണിച്ചറുകള്‍ സ്ഥാനം പിടിക്കണം എന്ന കാര്യത്തിലും ഒരു ധാരണ വേണം.

അനിമേഷന്‍ ആണ് പുതിയ ട്രെന്‍ഡ്

വീടിന്റെ ഇന്‍റീരിയര്‍ ഒരുക്കാന്‍ ഡിസൈനറെ ഏല്‍പ്പിക്കും മുന്‍പ് തെരെഞ്ഞെടുത്ത ഡിസൈന്‍ വച്ച്‌ ഒരു അനിമേഷന്‍ ചെയ്ത് നല്‍കാന്‍ ആവശ്യപ്പെടുക. ഇതുപ്രകാരം വീടിന്റെ ആകൃതിക്ക് ഇണങ്ങുന്ന ഇന്റീരിയര്‍ ഡിസൈനുകള്‍ തെരഞ്ഞെടുക്കാം. പുറമെ നിന്നും നോക്കുമ്പോള്‍ എന്താണോ വീടിന്‍റെ ആകൃതി അതിനു അനുയോജ്യമായ രീതിയില്‍ വേണം ഇന്‍റീരിയര്‍ ഒരുക്കുവാന്‍ എന്നത് പ്രത്യേകം ഓര്‍ക്കുക.

ഫ്ലോറിംഗില്‍ വേണം പ്രത്യേക ശ്രദ്ധ

ടൈലുകള്‍, മാര്‍ബിളുകള്‍ എന്നിവയ്ക്ക് പുറമെ അന്‍പതില്‍ പരം നിറങ്ങളിലും ഷെയ്ഡുകളിലും റെഡ് ഓക്സൈഡുകളും ഇന്ന് ഫ്ലോറിങ്ങിനായി ലഭ്യമാണ്. ഫ്ളോറിങ് തീമും മുറിയുടെ തീമും ഒരുപോലെവരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

ബജറ്റ് പ്ലാന്‍ അത്യാവശ്യം

അകത്തളങ്ങള്‍ ഒരുക്കുമ്ബോള്‍ അതിനായി മാറ്റിവയ്ക്കുന്ന തുകയെപ്പറ്റി ഒരു ബോധ്യം ഉണ്ടാകണം. കാരണം ഒരു ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം വരെ ചെലവാക്കി അകത്തളങ്ങള്‍ ഒരുക്കാം. ഇതില്‍ ഏതാണ് നമുക്ക് വേണ്ടത് എന്ന് നേരത്തെ തീരുമാനിക്കുക. നാം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന പണത്തെ ആസ്പദമാക്കിയാണ് ഡിസൈനിംഗിനായുള്ള മെറ്റിരിയലുകള്‍ തെരഞ്ഞെടുക്കേണ്ടത്.