ചെറിയ വീടിനു വലുപ്പം തോന്നിക്കാന്‍ ചില വഴികള്‍

0
259

വലിയ വീട് മിക്കവാറും പേരുടെ സ്വപ്‌നമായിരിക്കും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പറ്റാത്തവരുമുണ്ടായിരിക്കും. വീട് ചെറുതാണെങ്കിലും സ്ഥലമുണ്ടെന്നു തോന്നിക്കുവാനുള്ള ചില വഴികളുണ്ട്. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ,

ശരിയായ വിധത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുകയാണ് ഒരു പ്രധാന വഴി. ചെറിയ വീടിനുള്ളില്‍ അതിനേക്കാള്‍ വലിപ്പമുള്ള ഫര്‍ണിച്ചറുകള്‍ ഇട്ടാല്‍ ഉള്ള സ്ഥലം പോലുമില്ലാതാകും. ഒതുങ്ങിയ, എന്നാല്‍ അതേ സമയം സൗകര്യമുള്ള ഫര്‍ണിച്ചറുകള്‍ ലഭിയ്ക്കും. ഇവ നോക്കി വാങ്ങുക. അത്യാവശ്യമുള്ള ഫര്‍ണിച്ചറുകള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. അധികം ഫര്‍ണിച്ചറുകള്‍ സ്ഥലം കളയുമെന്നു മാത്രമല്ല, അഭംഗിയും അസൗകര്യവും കൂടിയാണ്.

ചുവരിനോടു ചേര്‍ത്ത് വാര്‍ഡ്രോബുകള്‍ പണിയാം. ഇത് സ്ഥലം ലാഭിക്കാന്‍ സഹായിക്കും. ഇതുപോലെ സാധനങ്ങള്‍ സൂക്ഷfക്കാന്‍ പറ്റുന്ന കട്ടിലുകളും ലഭ്യമാണ്. ഇവ വാങ്ങിച്ചാല്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേറെ സ്ഥലം കണ്ടുപിടിക്കേണ്ട. മുറികള്‍ക്ക് നിറം കൊടുക്കേണ്ട കാര്യത്തിലും ശ്രദ്ധ വേണം. ഇളം നിറങ്ങള്‍ മുറികള്‍ക്ക് നല്‍കാന്‍ ശ്രമിക്കുക. ഇത് മുറികള്‍ക്ക് വലിപ്പം തോന്നാന്‍ സഹായിക്കും.

മുറിയ്ക്കുള്ളിലേക്ക് സ്വാഭാവിക വെളിച്ചം വരുന്ന വിധത്തില്‍ ജനലുകളും വാതിലുകളും കര്‍ട്ടനുകളും ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നതാണ് പലപ്പോഴും സ്ഥലം അനാവശ്യമായി കളയുന്നത്. ആവശ്യമില്ലാത്ത സാധനങ്ങള്‍ കളയുകയോ മറ്റുള്ളവര്‍ക്കു നല്‍കുകയോ ചെയ്യുക.