വീട് പണിയുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം

0
295

നമ്മൾ മലയാളികൾ ജീവിതത്തിന്‍റെ ഒരു വലിയ പങ്കും വീട് പണിയാൻ വേണ്ടിയാണ് നീക്കി വെക്കുന്നത്. പക്ഷെ പണി പൂർത്തിയാകുമ്പോൾ ഭൂരിഭാഗം ആളുകൾക്കും നിരാശയായിരിക്കും. വീടിന്‍റെ പണി തുടങ്ങുന്നതിനെ മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാല്‍  ഇത്തരം നിരാശകള്‍ ഒഴിവാക്കാൻ സാധിക്കും.

ഒരു കുന്നിൻ ചെരുവിൽ തുച്ഛമായ വിലയ്ക്ക് സ്ഥലം ലഭിച്ചാൽ പകുതി പണി കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ഗതാഗതത്തിന്‍റെ അസൗകര്യം, നിർമാണസാമഗ്രികൾ എത്തിക്കുന്നതിലും, ഭൂമി ലെവൽ ചെയ്യുന്നതിലും ഉണ്ടാകുന്ന പണച്ചെലവ് എന്നിവ കണക്കാക്കുമ്പോൾ തുച്ഛമായ ലാഭം കനത്ത നഷ്ടത്തിലേയ്ക്ക് വഴി തെളിയിക്കും. അതുകൊണ്ട് വീട് നിർമ്മിക്കാനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം.

ആവശ്യത്തിനുതകുന്ന സ്ഥലം ലഭ്യമാക്കിക്കഴിഞ്ഞാൽ ഒരു പ്ലാനും എസ്റ്റിമേറ്റും ഉണ്ടാക്കുവാൻ എഞ്ചിനിയറെതന്നെ  സമീപിക്കുന്നതാണ് ഉചിതം. സ്വന്തം ബജറ്റും കെട്ടിടത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളും ആ അവസരത്തിൽത്തന്നെ ചർച്ച ചെയ്തു തീരുമാനമുണ്ടാക്കുന്നത് നല്ലതാണ്. ഒരു കാരണവശാലും സ്ഥലം കാണാതെ എഞ്ചിനിയറെ പ്ലാൻ വരയ്ക്കാൻ അനുവദിക്കരുത്.

കാരണം ഭൂമിയുടെ കിടപ്പിനനുസരിച്ച് വേണം പ്ലാൻ തയാറാക്കേണ്ടത്. വാസ്‌തു സംബന്ധമായ കാര്യങ്ങൾ ഈ സമയത്ത് എഞ്ചിനിയറുമായി ചർച്ച ചെയ്‌ത്‌ തീരുമാനമാക്കാം. പിന്നീട്‌ പ്ലാനിൽ മാറ്റം വരുത്തിയാൽ അത് ഒരുപാട് പണച്ചിലവിന് വഴി വെയ്ക്കും.

അസ്ഥിവാരമെടുക്കുമ്പോൾ നിർദിഷ്ട സ്ഥലത്ത് മുൻകാലത്ത് കിണറോ കുളമോ കല്ലിട്ടാമടകളോ വൻകുഴികളോ ഉണ്ടായിരുന്നോ എന്ന്‍ പരിശോധിച്ച്  ഉറപ്പു വരുത്തേണ്ടതാണ്. ഇടിഞ്ഞു തകർന്നേക്കാവുന്ന ഓടകൾ സമീപത്തുണ്ടെങ്കിൽ ഉറപ്പിക്കാം, അതിൽ നിന്ന് വരുന്ന ഉറവ ഭാവിയിൽ വീടിന്‍റെ തറയ്ക്ക് കേടുപാടുകൾ സൃഷ്ടിക്കാം.

തറയുടെ ആഴത്തെ സംബന്ധിച്ചു വേണ്ടത്ര ധാരണയില്ലാത്ത പലരും ഇന്നുമുണ്ട്. ആറടി താഴ്ച വേണം എന്ന പഴയ കേട്ടറിവിന്‍റെ പുറത്ത് ബലമുള്ള പ്രതലം വീണ്ടും താഴ്ത്തിയാൽ യാതൊരു  ഗുണങ്ങളും ലഭിക്കാൻ പോകുന്നില്ല. രണ്ടടി താഴ്ത്തി കഴിഞ്ഞ് വെട്ടുകല്ലോ,പാറയോ കണ്ടാൽ വീണ്ടും താഴ്ത്താൻ പരിശ്രമിക്കേണ്ടതില്ല. അവിടുന്ന് കല്ല് കെട്ടി തുടങ്ങാം. കോൺക്രീറ്റ് ബെൽറ്റ് വാർത്തതിനുശേഷം ഭിത്തിയുടെ പണി ആരംഭിക്കാം.
ഒരു ആയുഷ്കാലത്തിന്‍റെ സ്വപ്നമാണ് വീട്. താമസിക്കുന്നവരുടെ സംതൃപ്തിയാണ് ഒരു കെട്ടിടത്തിനെ വീടാക്കുന്നത്. വീട് പണിയുമ്പോൾ കുറച്ച് കരുതലോടെ തീരുമാനമെടുത്താൽ ഭാവിയിൽ നിരാശപ്പെടേണ്ടി വരില്ല.