വാസ്തുപ്രകാരം വീടിനുള്ളില്‍ ക്ലോക്ക് വയ്‌ക്കേണ്ടതെങ്ങനെ

0
238

വീട്ടുകാര്യങ്ങള്‍ സമയബന്ധിതമായി കൊണ്ടുപോകാന്‍ വീട്ടിലൊരു ക്ലോക്ക് അത്യാവശ്യമെന്നു കണക്കാക്കുന്നവരാണ് നമ്മളിലേറെയും, പ്രത്യേകിച്ചും വീട്ടമ്മമാര്‍. അതേസമയം തന്നെ ഫാഷന്‍റെ ഭാഗമായും ആളുകള്‍ ക്ലോക്കു വാങ്ങി വീട്ടില്‍ വയ്ക്കുന്നതും ഇപ്പോള്‍ പതിവാണ്. വിലകൂടിയ ക്ലോക്കുകള്‍ വാങ്ങി വീടലങ്കരിക്കുന്നതും പലര്‍ക്കും താല്പര്യം ഉളള കാര്യങ്ങളില്‍ ഒന്നാണ്. എന്നാല്‍ വീടിനുളളില്‍ തോന്നുംപടി ക്ലോക്ക് വയ്ക്കുന്നത് ദൗര്‍ഭാഗ്യം വരുത്തുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.

ക്ലോക്ക് വയ്‌ക്കേണ്ട ദിശ

ക്ലോക്ക് വീടിനു പുറത്തുവെക്കാന്‍ പാടില്ല. ക്ലോക്കും കലണ്ടറുമെല്ലാം വീടിനുളളില്‍ വേണം വെക്കാന്‍. സിറ്റ്ഔട്ടും വീടിനുളളിലേക്കു കയറുന്ന വരാന്തപോലുളള ഓപ്പണ്‍ ഭാഗങ്ങളിലും ഇത് വയ്ക്കുന്നത് ഒഴിവാക്കണം. വീടിനുളളില്‍ തെക്കുദിശയിലെ ഭിത്തിയിലാണ് നിങ്ങള്‍ ക്ലോക്ക് വച്ചിരിക്കുന്നത് എങ്കില്‍ അതു നല്ലതല്ല. ഭിത്തിയില്‍ വടക്കുഭാഗത്തായി ക്ലോക്ക് തൂക്കുന്നത് സമ്പത്തിനെ ആകര്‍ഷിക്കും എന്നാണ് പറയുന്നത്. കിഴക്കുദിക്കും നല്ലതാണ്. ഇനി ഈ ദിശകളൊന്നും വീടിനുള്ളില്‍ പ്രായോഗികമല്ല എന്ന അവസ്ഥയാണ് ഉളളതെങ്കില്‍ ക്ലോക്ക് പടിഞ്ഞാറുഭാഗത്തുളള ഭിത്തിമേല്‍വെക്കാം.

നമ്മള്‍ എറ്റവും അധികം ചിലവഴിക്കുന്ന ഒരിടമായതിനാല്‍ ബെഡ്‌റൂമില്‍ ക്ലോക്കു തൂക്കുന്നത് നല്ലതാണ്. ബെഡ്‌റൂമില്‍ വടക്കുഭാഗത്തായി വേണം ക്ലോക്ക് വയ്ക്കാന്‍. ക്ലോക്ക് കണ്ട് ഉണരുന്ന പൊസിഷനില്‍ വെക്കുന്നതും നല്ലതാണ്. ബെഡ്‌റൂമില്‍ ക്ലോക്കുവയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ക്ലോക്കിന്‍റെ ഗ്ലാസില്‍ ബെഡ് റിഫ്‌ളക്റ്റു ചെയ്യാന്‍ പാടില്ല എന്നതാണ്.

പെന്‍ഡുലം ക്ലോക്കാണെങ്കില്‍ വീടിനുളളില്‍ കിഴക്കുദിശയില്‍ വേണം വയ്‌ക്കേണ്ടത്. ക്ലോക്ക് വാതിലിനു മുകളില്‍ തൂക്കിയിടുന്നതും വെക്കുന്നതും നല്ലതല്ല. ബെഡ്‌റൂമിന്റെ വാതിലിന് അഭിമുഖമായും ക്ലോക്ക് വെക്കാന്‍ പാടില്ല.

ചില്ലുകള്‍പൊട്ടിയ ക്ലോക്ക് വെക്കരുത്

പൊട്ടിയതും സമയം തെറ്റി ഓടുന്നതുമായ ക്ലോക്ക് വീടിനുളളില്‍ നിന്നും മാറ്റണം. ക്ലോക്കിന്റെ ഗ്ലാസില്‍ പൊടിയും അഴുക്കും ഉണ്ടെങ്കില്‍ അത് വൃത്തിയാക്കണം. ഇത്തരം ക്ലോക്കുകള്‍ നിങ്ങളുടെ സമയത്തെതന്നെ നെഗറ്റിവായി ബാധിക്കും. ക്ലോക്കിലെ സമയം രണ്ട് മിനിറ്റ് കൂട്ടിവെക്കുന്നതും നല്ല ഗുണത്തെ പ്രധാനം ചെയ്യും.