പോക്കറ്റ് കാലിയാകാതെ വീടിന്‍റെ ഇന്‍റീരിയര്‍ ഒരുക്കാം

0
232

ഒരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ആശിച്ചു മോഹിച്ചു പണിത വീടിന്‍റെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതിന്‍റെ ഇന്‍റീരിയര്‍ കൂടി ഭംഗിയാകണം. എന്നാല്‍ ഒരു പ്ലാനും ഇല്ലാതെ ഇന്‍റീരിയര്‍ ചെയ്യാനിറങ്ങിയാല്‍ കൈ പൊള്ളുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച ബജറ്റില്‍ തന്നെ വീട് മനോഹരമാക്കുകയും ചെയ്യാം.

വീടിനു ഭംഗി കൂട്ടാന്‍ ചെയ്യുന്ന അലങ്കാരങ്ങള്‍ കെട്ടുകാഴ്ചകളായി പോകാതെ മനോഹരമാക്കാന്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്കെല്ലാം സാധിക്കും. അതിനായി ഒരു ഇന്റീരിയര്‍ ഡിസൈനറുടെ സേവനം പോലും പലപ്പോഴും ആവശ്യമില്ല. ഒന്ന് ശ്രമിച്ചാല്‍ നമുക്കും സ്വന്തമാക്കാന്‍ നമ്മുടെ മനസിനൊത്ത ഒരു സ്വപ്നഭവനം.  വീടിന്‍റെ ഘടന മനസിലാക്കി വേണം ആദ്യം എന്ത് തരം ഇന്‍റെീരിയര്‍ വേണമെന്ന് തീരുമാനിക്കുന്നത്. എവിടെയെങ്കിലും കണ്ട പ്ലാനുകള്‍ അതേപടി പകര്‍ത്തുന്നതിലും നല്ലത് നമ്മുടെ വീടിനു അത് യോജിക്കുമോ എന്ന് ചിന്തിച്ച ശേഷം ചെയ്യുന്നതാകും.

മുറിയുടെ വലിപ്പം 

മുറിയുടെ വലിപ്പം അനുസരിച്ചു വേണം ഇന്‍റീരിയര്‍ നിശ്ചയിക്കാന്‍. ചെറിയ മുറികളില്‍ അമിതമായി ഇന്റീരിയര്‍ ജോലികള്‍ ചെയ്‌താല്‍ കുളമാകും എന്ന് പറയേണ്ടല്ലോ. ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മുറിയുടെ വലുപ്പത്തിന് ആനുപാതികമായി തിരഞ്ഞെടുക്കണം. മുറിക്കുള്ളിലെ അലങ്കാരങ്ങള്‍ മിതത്വം പാലിക്കുന്നവയായാല്‍ നന്നായിരിക്കും. അതുപോലെ അനാവശ്യ വലിപ്പമുള്ള കട്ടിലുകളും വാര്‍ഡ്രോബുകളും ഒഴിവാക്കാം. വാര്‍ഡ്രോബും മറ്റു സ്റ്റോറേജ് സൗകര്യങ്ങളും ഡ്രസിംഗ് ഏരിയക്കുള്ളില്‍ നല്‍കാം. വാക്ക്-ഇന്‍ വാര്‍ഡ്രോബുകളാണ് ഇപ്പോഴത്തെ ട്രന്‍ഡ്.

കര്‍ട്ടനുകളും ബ്ലെന്‍ഡ്‌സുകളും

ഇതില്‍  ഏതു തിരഞ്ഞെടുക്കണം എന്നുള്ളത് വീടിന്‍റെ ഉടമയുടെ ഇഷ്ടമാണ്. പൂക്കളുള്ള കര്‍ട്ടനുകളെക്കാളും തീം ബെയിസ് ബ്ലയിന്‍ഡുകള്‍ ഇന്ന് വീടുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വീടുകള്‍ക്ക് ക്ലാസിക്ക് ഭംഗി നല്‍കുന്നതോടൊപ്പം ആധുനിക ശൈലികളോട് ചേര്‍ന്നു നില്‍കുന്നു എന്നത്‌ ബ്ലയിന്‍ഡുകളെ കൂടുതല്‍ പ്രിയമുള്ളതാക്കുന്നുണ്ട്.

ഫര്‍ണിച്ചറുകള്‍ 

വീടിന്‍റെ മൊത്തത്തിലുള്ള അഴക്‌ വര്‍ധിപ്പിക്കാന്‍ ഫര്‍ണിച്ചറുകള്‍ക്ക് സാധിക്കും. പക്ഷെ ഫര്‍ണിച്ചര്‍ വീടിനോട് ചേര്‍ന്ന് നിന്നില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്തിട്ടും കാര്യമില്ല. വീടിനു അനുയോജ്യമായതും ചേര്‍ന്ന് നില്‍ക്കുന്നതുമായ ഫര്‍ണിച്ചര്‍ നോക്കി വാങ്ങേണ്ടത് അത്യാവശ്യമാണ്.

അടുക്കള 

ഓപ്പണ്‍ അടുക്കളയാണ് ഇപ്പോള്‍ ട്രെന്‍ഡ്. സ്ഥലം ലാഭിക്കാനും വിശാലത തോന്നിക്കാനും ഓപ്പണ്‍ കിച്ചണുകള്‍ സഹായിക്കും. കിച്ചണ്‍ ഡിസൈനിംഗിന്‍റെ കാര്യത്തില്‍ മുന്‍ഗണന നല്‍കേണ്ടത് ഉപയോഗിക്കുന്ന ആളിന്‍റെ സൗകര്യങ്ങള്‍ക്കാണ്. അടുക്കളയോട് ചേര്‍ന്ന് സ്റ്റോര്‍ മുറി നിര്‍മ്മിക്കുന്നത് ആവശ്യം അറിഞ്ഞു മാത്രം മതി.  ആവശ്യത്തിന് വെളിച്ചവും വെന്‍റിലേഷനും കിട്ടുന്ന രീതിയില്‍ വേണം അടുക്കള ഒരുക്കാന്‍.