വീടിന്‍റെയും മുറികളുടെയും ദർശനം വാസ്തുശാസ്ത്രപ്രകാരം എങ്ങോട്ട്

0
389

ഒരു വീട് നിർമിക്കുമ്പോൾ അതിന്‍റെ ദർശനം എങ്ങോട്ടാകണം എന്ന രീതിയിൽ പലരും ആശങ്കപ്പെടാറുണ്ട്. ദർശനം ശരിയായ ദിക്കിൽ അല്ലെങ്കിൽ വീടിനും അവിടെ താമസിക്കുന്നവർക്കും ദോഷം സംഭവിച്ചേക്കാം എന്നാണ് പലരും വിശ്വസിക്കുന്നത്. ഒരു വീട് രൂപകല്‍പന ചെയ്യുമ്പോള്‍ അതിന്‍റെ ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്.

വടക്കുവശം എങ്ങനെ ഉത്തമമായ ദിക്കായിയെന്ന്‌ നോക്കാം.വാസ്‌തു പുരുഷമണ്ഡലത്തിലെ തെക്ക്‌ പരദേവത യമനും, വടക്ക്‌ പരദേവത കുബേരനും ആകയാല്‍ വടക്ക്‌ ദര്‍ശനമായി വീട്‌ നിര്‍മ്മിക്കുമ്പോള്‍ സമ്പത്ത്‌, ഐശ്വര്യം എന്നിവ ഉണ്ടാകുന്നു.

യഥാര്‍ഥത്തില്‍ വീടിന്‍റെ ദര്‍ശനം ആണു സുഖ വാസത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്. വീടുകള്‍ സാധാരണ ഏകശാലാസംവിധാനത്തില്‍ ചെയ്യുമ്പോള്‍ തെക്കിനിപ്പുരയാണു (വടക്കോട്ടു ദര്‍ശനമായി പണിയുന്ന വീടുകള്‍) ചെയ്യേണ്ടത് എന്നു ശാസ്ത്രം നിര്‍ദേശിക്കുന്നു. അടുത്ത സ്ഥാനം കിഴക്കോട്ടു ദര്‍ശനമായിട്ടു നിര്‍മിക്കാനാണു നിര്‍ദേശിക്കുന്നത്. തെക്ക്, പടിഞ്ഞാറ് എന്നീ ദിശകളിലേക്കു കഴിയുന്നതും മുഖദര്‍ശനം വേണ്ട എന്നു തന്നെയാണു ശാസ്ത്ര നിര്‍ദേശം.ഈ ദിശകളില്‍ മുഖദര്‍ശനം നില്‍ക്കുന്ന വീടുകള്‍, തെക്ക്‌ അല്ലെങ്കില്‍ പടിഞ്ഞാറ്‌ ദിശകളിലേക്ക്‌ ചരിവുള്ള ഭൂമി എന്നിവ വാസയോഗ്യമല്ല.

കിടപ്പുമുറികള്‍

കിടപ്പുമുറികള്‍ ഒരുക്കുമ്പോള്‍ അനുകൂലമായ ഊര്‍ജ തരംഗപ്രവാഹത്തിന് അനുസൃതമായി ഒരുക്കണം. വാസ്തുപുരുഷന്‍റെ ശിരസ്, പാദം എന്നിവ വരുന്ന തെക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആയിരിക്കണം കിടപ്പുമുറികള്‍ വരേണ്ടത്. എല്ലാവര്‍ക്കും ഊര്‍ജസ്രോതസായ അടുക്കളയുടെ സ്ഥാനത്തിനും വളരെയധികം പ്രാധാന്യമുണ്ടു വാസ്തുവില്‍. വാസ്തുപുരുഷ മണ്ഡലത്തില്‍ അനുയോജ്യമായ സ്ഥാനം തന്നെയാണ്.

മാസ്റ്റർ ബെഡ് റൂം

വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിലെ ഗൃഹനാഥന്‍റെ മുറി അഥവാ മാസ്റ്റർ ബെഡ് റൂം വീടിന്‍റെ വലത് വശത്തും പിൻഭാഗത്തും ആകുന്നതാണ് ഉത്തമം. എന്നാൽ വീടിന്‍റെ വടക്ക്-കിഴക്ക് ഭാഗത്തും മധ്യഭാഗത്തും കിടപ്പ് മുറി വരാൻ പാടില്ല.

ബെഡ് റൂമിനോട് ചേർന്നുള്ള ബാത്ത് റൂം വടക്കോ പടിഞ്ഞാറോ ആയിരിക്കുന്നത് നല്ലതാണ്. ചൈനീസ് വാസ്തു വിദ്യയായ ഫെങ്ങ് ഷൂയി പ്രകാരം ബെഡ് റൂമിനോട് ചേർന്ന് ബാത്ത് റൂം വരുന്നത് നല്ലതല്ല. ബെഡ് റൂമിൽ കടും നിറങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഫെങ്ങ് ഷൂയി പ്രകാരം ഇളം നീല നിറമാണ് കിടപ്പ് മുറിക്ക് അനുയോജ്യം.

അടുക്കള

കൃത്യമായ വടക്കു കിഴക്കു മൂല കഴിയുന്നതും അടുക്കളയ്ക്ക് ഒഴിവാക്കേണ്ടതും പറ്റുമെങ്കില്‍ കിടപ്പുമുറി അവിടെ സജ്ജീകരിക്കേണ്ടതുമാകുന്നു.ദിശാവിന്യാസക്രമം പാലിക്കാന്‍ ചില ഇടങ്ങളില്‍ സാധിക്കാതെ വരാറുണ്ട് .അപ്രകാരം വരുന്ന ദിക്കില്‍ വീടുകള്‍ പണിയുന്നത് ഉത്തമമല്ല എന്നാണു പൊതുവേ ശാസ്ത്രനിര്‍ദേശം.ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് വീടുകളും മുറികളും നിർമിക്കുകയാണെങ്കിൽ വിവിധ സൗഭാഗ്യങ്ങൾ കടന്നുവരുമെന്നാണ് വിശ്വസിക്കുന്നത്.

ഡൈനിങ്ങ്‌ ഹാൾ

വാസ്തു പ്രകാരം ഊണ് മുറിയുടെ സ്ഥാനം അടുക്കളയുടെ അടുത്തായിരിക്കണം. നല്ല പോലെ കാറ്റും വെളിച്ചവും ഉള്ള ഇടമാവണം ഊണ് മുറി. കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകൾക്ക്‌ അഭിമുഖമായി ഇരുന്ന് ആഹാരം കഴിക്കതക്കവിധം മേശയും കസേരകളും ക്രമീകരിക്കണം. മേശ ചതുരാകൃതിയിൽ ആകുന്നതാണ് നല്ലത്. വാസ്തു ശാസ്ത്ര പ്രകാരം തെക്ക് ഭാഗത്തിന് അഭിമുഖമായി ഇരുന്ന് ആഹാരം കഴിക്കാൻ പാടില്ല. വാഷ് ബേസിൻ കിഴക്കോ വടക്കോ വരാം.

കാർ പോർച്ച്‌

കാർ പോർച്ച്‌ വീടിനോട് ചേർന്നും അല്ലാതെയും നിർമ്മിക്കാം. കിഴക്ക് ദർശനമായ വീടിനോട് ചേർന്നാണ് കാർ പോർച്ച്‌ പണിയുന്നതെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത്‌ പണിയണം. പ്രത്യേകമായിട്ടാണ് പണിയുന്നത് എങ്കിൽ തെക്ക്-കിഴക്ക് ഭാഗത്ത്‌ പണിതാൽ വളരെ നല്ലതാണ് എന്ന് വസ്തു ശാസ്ത്രം അനുശാസിക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ ഇടത് വശത്താണ് വാഹനത്തിന്റെ സ്ഥാനം വരേണ്ടത്.

കിണറിന്‍റെ സ്ഥാനം 

വീടിന് സ്ഥാനം നിർണയിച്ച് കഴിഞ്ഞാൽ അടുത്ത പടി കിണറിന്‍റെ സ്ഥാനം നിർണയിക്കലാണ്. വാസ്തു പ്രകാരം കിണറിനു ഏറ്റവും ഉത്തമമായ സ്ഥാനം തന്നെ വേണം. രാശി ചക്രം അനുസരിച്ച് മീനം രാശിയിലാണ് കിണറിന് ഉത്തമമായ സ്ഥലം. വാസ്തു പ്രകാരം കിണർ വടക്ക്-കിഴക്ക് ദിക്കിൽ മാത്രമേ വരാൻ പാടുള്ളൂ. അഗ്നി കോണ്‍ അഥവാ തെക്ക്-കിഴക്കേ മൂലയിൽ ഒരു കാരണവശാലും കിണർ വരാൻ പാടില്ല. തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് എന്നീ ഭാഗങ്ങളിലും കിണർ വരാൻ പാടില്ല.

 

 

LEAVE A REPLY

Please enter your comment!
Please enter your name here